Sunday, August 29, 2010

പാഥേയം ഇതുമാത്രം - ആശിഷ്‌ കരിമ്പനക്കല്‍

കാലം എത്ര കഴിഞ്ഞാലും ചില ഓര്‍മ്മകള്‍ ഊണിലും ഉറക്കത്തിലും നമ്മുടെ കൂടെ നടക്കും. അങ്ങിനെയുള്ളൊരു ഓര്‍മ്മയാണിതും.ചിലപ്പോള്‍ ഇതിനു ക്രമം തെറ്റാം. ചില ചോദ്യങ്ങള്‍ക്ക്‌ ഉത്തരമുണ്ടായെന്നും വരില്ല. ഒരു ആറു വയസ്സുകാരന്റെ ഓര്‍മ്മകള്‍ക്കുമേല്‍ 26 വര്‍ഷങ്ങള്‍ ഏല്‍പ്പിച്ച പരിക്കുകള്‍ ചിലപ്പോള്‍ ഈ ഓര്‍മ്മകളില്‍ അവിടവിടെ കണ്ടേക്കാം. പലരോടായി ചോദിച്ച്‌ സംശയദൂരീകരണത്തിന്‌ ഞാനൊരിക്കലും ശ്രമിച്ചിട്ടില്ല. ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ച്‌ ആരേയും കുറ്റപ്പെടുത്താനും ഞാനില്ല; കാരണം നഷ്ടം എനിക്കു മാത്രമാണ്‌ തെളിച്ചമില്ലെങ്കിലും ഈ ഓര്‍മ്മകള്‍ എനിക്കത്രമേല്‍ പ്രിയങ്കരങ്ങളാകുന്നു...
പണിക്കരു ചേട്ടന്റെ വീടിന്റെ ഉമ്മറത്തുകൂടെ, അമ്മയുടെ കൈയും പിടിച്ച്‌ സ്കൂളിലേക്കു പോകുന്ന ഒരു ബാല്യം - കവുങ്ങുകളും, വാഴകളും തെങ്ങും പിന്നെ എപ്പോഴും പൂതരുന്ന ഇലഞ്ഞിമരവും അതിരുകളിട്ട്‌ പകുത്തെടുത്ത, തട്ടുതട്ടായി തിരിച്ച വലിയ പറമ്പ്‌. അതു പിന്നിട്ടെത്തുന്നിടത്ത്‌ ചരല്‍ നിറഞ്ഞ ഒരു വഴിയാണ്‌. വഴികഴിഞ്ഞാല്‍, കറുത്തിരുണ്ട പാറകള്‍ മുഴച്ചു നില്‍ക്കുന്ന വലിയ മൈതാനമുള്ള ഒരു ചെറിയ സ്കൂള്‍. പണിക്കരു ചേട്ടന്റെ പറമ്പു തീരുന്നിടത്തു, ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന വരിക്കപ്ലാവിന്റെ ചുവടുവരെയേ അമ്മയുടെ കൈയുടെ കൂട്ടുണ്ടാകൂ. പിന്നെ ചെറിയൊരു പുഞ്ചിരിയുമായി അമ്മ എന്നെ നോക്കി നില്‍ക്കും, മൈതാനം തീര്‍ന്ന്‌ സ്കൂളിലേക്കുള്ള സ്റ്റെപ്പുകള്‍ ഇറങ്ങി ഞാന്‍ കണ്ണില്‍ നിന്നും പൂര്‍ണ്ണമായി മറയുന്നതു വരെ.

തൊടിയിലെ കളിവട്ടത്തു നിന്നു കേട്ട ആ ഉറക്കെയുള്ള കരച്ചില്‍ ഇപ്പോഴും ചെവിയൊന്നു വട്ടം പിടിച്ചാല്‍ എനിക്കു കേള്‍ക്കാന്‍ കഴിയും. പിന്നീടെന്താണു സംഭവിച്ചുകൊണ്ടിരുന്നത്‌. ദക്ഷിണകേരളത്തിലെ പ്രശസ്തമായ സരസ്വതീക്ഷേത്രത്തിനു എതിര്‍വശത്തെ ചെറിയ കുന്നിനു മുകളിലെ ആ കൊച്ചു വീട്ടിലേക്ക്‌ ആളുകള്‍ കൂട്ടം കൂട്ടമായി എത്തിക്കൊണ്ടേയിരുന്നു. ഇടയ്ക്കരാണ്‌ എന്നെ എടുത്ത്‌ ഒക്കത്തിരുത്തി ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്ന്‌ ഉമ്മറത്തുനിന്ന്‌ ഇടത്തു വശത്തുകൂടികയറാവുന്ന പോര്‍ട്ടിക്കോവിലെ, ഉത്തരത്തില്‍നിന്നും താഴേക്കു തൂങ്ങി നില്‍ക്കുന്ന പച്ചനിറമുള്ള സാരി കാട്ടിത്തന്നത്‌. ഓര്‍മ്മയില്ല. അതാരാണ്‌ എന്നെ എടുത്തുകൊണ്ടുപോയതെന്ന്‌ എനിക്ക്‌ ഒരിക്കലും ഓര്‍ത്തെടുക്കനേ കഴിയുന്നല്ല. പിന്നീട്‌ അവരുടെ നിയന്ത്രണത്തില്‍ നിന്നും രക്ഷപെട്ട്‌ ധന്യയോട്‌ കളിക്കമെന്നു പറഞ്ഞ്‌ അവളുടെ കൈക്കുപിടിച്ചു വലിച്ചു നീങ്ങുന്ന ആചെറുക്കനെ ഞാന്‍ ഓര്‍ക്കുന്നുണ്ട്‌. ഈ തിക്കും തിരക്കിലും അസ്വസ്ഥമായി അല്‍പ്പം ഉയര്‍ച്ചയില്‍ നില്‍ക്കുന്ന ആ വീടിന്റെ ചുറ്റുവട്ടങ്ങളില്‍ അടക്കിപ്പറച്ചിലുകളിലും വിതുമ്പലുകളും ശല്യംചെയ്യാത്ത താഴത്തെ വല്യച്ഛന്റെ വീട്ടിലേക്ക്‌ ശ്രദ്ധയോടെ ഇറങ്ങിപ്പോയ ബാല്യം എനിക്കൊന്നു കൈയെത്തിച്ചാല്‍ തൊടാവുന്നത്രയ്ക്കരികിലാണെന്ന്‌ തോന്നുന്നു. വല്യച്ഛന്റെ വീടിന്റെ മുറ്റത്ത്‌ കിണറിനോടു ചേര്‍ന്നു നില്‍ക്കുന്ന മാവിന്‍ചോട്ടില്‍ചെരട്ട കെട്ടിയുണ്ടാക്കിയ ത്രാസുമായി പലചരക്കുകടക്കാരനായി അവന്‍ നില്‍ക്കുകയാണ്‌. അവന്റെ മനസ്സില്‍ അവന്‍ ഉപ്പായി മാപ്പിളയാണ്‌. സമീപത്തുള്ളഒരേയൊരു പലചരക്കുകച്ചവടക്കാരന്റെ പേര്‌ അതായിരുന്നു. പ്രാരാബ്ദം നിറഞ്ഞ കുംടുംബിനിയായി കടയിലെത്തിയ പാവാടക്കാരി തന്റെ കയ്യില്‍ മടക്കിപ്പിടിച്ച്‌ ഒടിവുവീണ കമ്യൂണിസ്റ്റ്‌ പച്ചയുടെ ഇല നീട്ടിപ്പറഞ്ഞു "1 രൂപയ്ക്ക്‌ ഉണക്കമീന്‍". ആരോ എന്റെ പേര്‌ നിലവിളിയില്‍ മുക്കി ഉറക്കെവിളിക്കുന്നുണ്ടോ? വീണ്ടും അസ്വസ്ഥതപെട്ടുപോയിട്ടുണ്ടാകും അപ്പോള്‍ എന്റെ മനസ്സ്‌, കാരണം എപ്പോഴെങ്കിലുമെ ധന്യ ഇവിടെ എത്താറൂള്ളു. അവളോടൊപ്പം കളിക്കാന്‍ വിടാതെ എന്നെ എന്തിനാവും ഇവരിങ്ങനെ തിരക്കുന്നുണ്ടാവുക. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഹേമചേച്ചി എന്നെ എടുത്തുകൊണ്ടുപറഞ്ഞു. "മോനെ അച്ചന്‍ വന്നിട്ടുണ്ട്‌. മോനു കാണണ്ടേ." പതിവു സമയം തെറ്റി വന്ന അച്ചനെ കാണണമെന്നോ കണണ്ടായെന്നോ പറയാനല്ല അവന്‍ ശ്രമിച്ചിട്ടുണ്ടാവുക; പകരം ധന്യയോട്‌ ഞാനിപ്പോള്‍ വരാമൊയിരിക്കും പറഞ്ഞിട്ടുണ്ടാകുക. സാരിത്തുമ്പുകൊണ്ട്‌ മുക്കുപിഴിഞ്ഞ്‌ അവന്റെ തല ബലമായി തോളത്തമര്‍ത്തികിടത്തി ചേച്ചി വീണ്ടും ആ തിരക്കിലേക്ക്‌ അവനെ കൊണ്ടുപോകുകയാണ്‌. സുഹൃത്തുക്കളുടെ തോളത്തു മുഖമമര്‍ത്തികരഞ്ഞുകൊണ്ട്‌ എന്നോടെന്തിനു നീയിതു ചെയ്തുവെലറിക്കരഞ്ഞു വന്നു കയറുന്ന അച്ചന്‍ ശരിക്കും അവനത്ഭുതമായി. ഇടയ്ക്കെപ്പൊഴോ എന്റെ പൊന്നുമോനെയെന്ന്‌ അച്ചന്‍ വിളിച്ചുവോ? കൂടി നില്‍ക്കുവര്‍ക്കിടയിലൂടെ ഇടറിയ കാലോടെ പോര്‍ട്ടിക്കോവിലേക്കു കയറുന്ന അച്ചന്റെ കരച്ചില്‍ ഉയര്‍ച്ചയില്‍ എത്തുതും ഒപ്പം "ദുഷ്ടദൈവമേ. . . നീ ഇവിടങ്ങിനെ കാവല്‍ നിന്നിട്ടും ഇവള്‍ക്കിതു ചെയ്യാനെങ്ങിനെ അവസരം വന്നു. . ." എന്ന ചോദ്യത്തോടൊപ്പം എന്തോ വീണുതകരുതും ഞാന്‍ കേട്ടു. ഉടലുനിറയെ നീലനിറമുള്ള, മയില്‍പ്പീലിചൂടി ഓടക്കുഴല്‍ വായിച്ചുനിന്ന ചില്ലലമാരക്കരികിലിരുന്ന കൃഷ്ണപ്രതിമയാണത്‌ ആരോ ഒരാള്‍ ഏതോ ഒരാളോട്‌ അടക്കം പറയുത്‌ മനസ്സില്‍ കോറിക്കിടക്കുന്നുണ്ട്‌.
അവിടെനിന്ന്‌ അവന്‍ എപ്പോഴേ രക്ഷപ്പെട്ടിട്ടുണ്ടാവണം. കാരണം വീണ്ടും ഓര്‍മ്മകളില്‍ കിണറിനടുത്തുള്ള ആ മാംചുവടാണ്‌ കാണുത്‌. മാംചുവടു കഴിഞ്ഞ്‌ കുറച്ച്‌ ദൂരം പറമ്പു തയൊണ്‌. അതിനുശേഷം റോഡ്‌, റോഡില്‍ വന്നു നിന്ന ജീപ്പ്പില്‍ നിന്നും ആരെയോ എടുത്തുകൊണ്ടുവരുന്നുണ്ട്‌. ആരോ പറയുത്‌ കേട്ടു. നാത്തൂനാണ്‌. അന്യനാട്ടിലെവിടെയോ ആണ്‌ ജോലി. അവന്റെ ശ്രദ്ധപോയത്‌ ജീപ്പ്പ്‌ ഓടിച്ചിരുന്ന ഡ്രൈവറിലാണ്‌. ചെവിമറച്ച്‌ നീണ്ടു കിടക്കുന്ന ചുരുണ്ടമുടിയുള്ള, നെറ്റിയില്‍ ഏതോ ഒരു മുറിവിന്റെ അടയാളം ശേഷിപ്പിച്ചിരിക്കുന്ന വെടിപ്പുള്ള ഒരു മുഖം. താളമടക്കഴിഞ്ഞു വീണുകിടക്കു തൂവെള്ള മുണ്ടില്‍ നീണ്ടയാത്ര ഏല്‍പ്പിച്ച ചുളിവുകള്‍, കൈയിലിരിക്കുന്ന ചാവിയില്‍ രണ്ടു കൈകളും ചേര്‍ന്ന്‌ അസ്വസ്ഥതയുടെ ചലനങ്ങള്‍ സൃഷ്ടിക്കുന്നു.
സീതാപഹരണം കഥയാടിത്തീര്‍ന്ന ഉത്സവപ്പറമ്പിലെ പുലര്‍ച്ചെ പോലെ വല്യച്ചന്റെ വീട്‌. വീട്ടിനുള്ളിലെ, ഉമ്മറവും അടുക്കളയ്ക്കും മദ്ധ്യേയുള്ള ഹാളിലെ മരബെഞ്ചില്‍ അച്ചന്‍ കിടക്കുന്നുണ്ട്‌. തൊട്ടടുത്ത കട്ടിലില്‍ വല്യച്ചന്റെ ഭാര്യ ഗോമതിയമ്മയുടെ കരവലയത്തില്‍ കണ്ണീരും മൂക്കും തുടച്ച്‌ ഇളം നനവുള്ള സെറ്റുമുണ്ടില്‍ നിന്നു ഉയരുന്ന സ്നേഹത്തിന്റെ പുകയിലമണം ശ്വസിച്ചു ഞാനും. ഇടയ്ക്കിടക്ക്‌ അച്ചന്റെ നിലവിളികള്‍ ചെറുതായി ഉയരുന്നുണ്ട്‌. ഇവിടെത്തീരുകയാണ്‌ ആ ഓര്‍മ്മകളുടെ നിഴലാട്ടം. പിന്നീടുള്ള ഓര്‍മ്മയില്‍ ആദ്യത്തെതും അവസാനത്തേതും കുലച്ചു നില്‍ക്കു ഒരു ചെന്തെങ്ങാണ്‌. എന്നെക്കാള്‍ അഞ്ചുവയസ്സിനു മൂപ്പുള്ളത്‌. . . അവസാനമായി ഞാന്‍ കാണുമ്പോള്‍, സുരക്ഷിതത്തിന്റെ വളക്കൂറുള്ള ആ മണ്ണില്‍ എന്നെക്കാള്‍ ഉയരത്തില്‍ അവന്‍ വളര്‍ന്നുനില്‍ക്കുന്നു. ചുറ്റും ശവംനാറിച്ചെടികളുടെ ഒരു കാടുതന്നെയുണ്ട്‌. ഒരു ഇളനീര്‌ അന്നു മോഹിച്ചിട്ടുണ്ട്‌. പക്ഷെ കുടിക്കാന്‍ കഴിഞ്ഞില്ല. എന്തോ അതു വേണ്ടെന്നു തോന്നി.
പിന്നീടങ്ങോട്ട്‌ ഓര്‍മ്മകളോന്നുമില്ല. . . അനുഭവങ്ങളല്ലേയുള്ളൂ. ഇന്ന്‌ ഏഴരക്കാണ്‌ കരിപ്പൂരില്‍ നിന്നുള്ള ഇന്ത്യന്‍ എയര്‍ലെന്‍സിന്റെ ഷാര്‍ജാ ഫ്ലൈറ്റ്‌. നാലരക്കെങ്കിലും ഇറങ്ങണം. വഴിയിലെന്തെങ്കിലും ബ്ലോക്കില്‍ പെട്ടാല്‍. . . സമയത്തിനെത്താന്‍ കഴിഞ്ഞെന്ന്‌ വരില്ല. . . അച്ചന്‍ പെങ്ങളുടെ ഓര്‍മ്മപെടുത്തല്‍. കൊണ്ടുപോകുവാനുള്ള പെട്ടി ഇലയേ തയ്യാറാണ്‌. കൂടെ കൊണ്ടുപോകാനുള്ള് ഡ്രസ്സുകളും പിന്നെ, കുറച്ചുപുസ്തകങ്ങളും മാത്രം. ഒപ്പം ഒരു കൈപ്പിടിയില്‍ ഒതുങ്ങാത്തത്രയും കേശഭാരം ഒന്നിച്ചെടുത്തു മുന്നിലേക്കു പിന്നിയിട്ടു നില്‍ക്കു ഒരു ധാവണിക്കാരിയുടെ ഫോട്ടോയും. ഇന്നുണ്ടായിരുന്നെങ്കില്‍ എങ്ങനെ ആകുമായിരുന്നു ഈ മുഖം. ഇന്നലെ എല്ലാമെടുത്തുവെയ്ക്കു കൂട്ടത്തില്‍ അങ്ങനെയൊന്നുവെറുതെ സങ്കല്‍പ്പിക്കാനെ കഴിയുന്നില്ല. "വണ്ടിവന്നിരിക്കുടൊ.. " ആരുടെയോ ഓര്‍മപ്പെടുത്തല്‍. ബാഗുമെടുത്തിറങ്ങി നടന്നു. റോഡിലേക്കിറങ്ങു ഇടവഴിയില്‍ നിന്നു ഞാന്‍ വെറുതെയൊന്നു തിരിഞ്ഞുനോക്കി. തോന്നലാവാം. ഒരു ധാവണിക്കാരി നിറഞ്ഞുതുളുമ്പിയ കണ്ണുകളോടെ കൈഉയര്‍ത്തി യാത്രയാക്കുന്നു? വീണ്ടുമൊന്നുകൂടി തിരിഞ്ഞുനോക്കി അതൊരു നുണയാണെന്നുറപ്പാക്കാന്‍ ഞാന്‍ തുനിഞ്ഞില്ല. അതുകൊണ്ട്‌ തന്നെ ആ ധാവണിക്കാരി എന്റെ വണ്ടി കാഴ്ച്ചയില്‍ നിന്നും മറയുന്നതുവരെ നിറകണ്ണുകളോടെ അവിടത്തന്നെ നിന്നിട്ടുണ്ടാവണം.