Sunday, August 29, 2010

ഓര്‍മ്മകളുടെ വീട്‌ (സുരേശന്‍ കാനം.)

"ശേഖരന്‍ മാഷിന്‌ വീട്‌ വല്ലാത്തൊരു ഒബ്സെഷനാണ്‌ അല്ലേ?" ഒരിക്കല്‍ അടിയോടിമാഷ്‌ അങ്ങനെ ചോദിച്ചപ്പോള്‍, തന്റെ മനസ്സ്‌ നിഷ്പ്രയാസം വായിച്ചെടുക്കുകയാണ്‌ അടിയോടിമാഷെന്ന്‌ അയാള്‍ വിചാരിച്ചു. കുറച്ചു മാസങ്ങളെ ആയിട്ടുള്ളൂ മാഷ്‌ അങ്ങനെ പറഞ്ഞിട്ട്‌ രണ്ടാമത്തെ മകളുടെ പുതിയ ഗൃഹപ്രവേശത്തിന്‌ ചെന്ന്‌ കൂടി സന്ധ്യ ആകുമ്പോഴേക്കും മടങ്ങാന്‍ തിടുക്കം കൂട്ടവെയാണ്‌ അടിയോടിമാഷ്‌ അങ്ങനെ പറഞ്ഞത്‌.
"ശരിയാടോ.... ആ വീട്‌ എനിക്കെല്ലാമാണ്‌. ഒരു ദിവസം പോലും അതിന്റെ ഓരോ മുക്കും മൂലയും അറിഞ്ഞില്ലെങ്കില്‍ പിന്നെ കുളിക്കാതെ സ്ക്കൂളിലേക്ക്‌ വന്ന ഒരു അനുഭവമാണ്‌..." ശാരദയുണ്ടാകുമ്പോള്‍ പലപ്പോഴും അവള്‍ കളിയാക്കാറുമുണ്ട്‌.
"മാഷെ... എന്തായിത്‌ ! സ്കൂളിലേയ്ക്കിറങ്ങിയിട്ട്‌ വീണ്ടും തിരിച്ചു വ്ന്ന്‌ ഓരോ മുറിയിലും ചുറ്റിത്തിരിഞ്ഞ്‌... എല്ലാം വിസ്തരിച്ച്‌ കാണും പോലെ... പുതുമ പോകാത്ത നോട്ടം." മേല്‍ച്ചെവിയിലേക്കടര്‍ന്ന വെളളി നരകള്‍ കൈവിരല്‍ കൊണ്ട്‌ കോതി, കള്ളച്ചിരിയും ചിരിച്ച്‌, അവളതു പറയുമ്പോല്‍ വിവാഹനാളുകളിലെ ശാരദയെ മുന്നില്‍ കാണാന്‍ മാഷിന്‌ കഴിഞ്ഞിട്ടുണ്ട്‌. പിന്നെ ഒരല്‍പം ജാള്യത്തോടെ കുടയുമെടുത്ത്‌ സ്കൂളിലേക്ക്‌ നടക്കുമ്പോള്‍ ഓര്‍മ്മകള്‍ മനസ്സിലേക്ക്‌ കുളിര്‍മഴയായി പെയ്തിറങ്ങും. പാടവരമ്പത്തൂടെ ഓര്‍മ്മകളെയും താലോലിച്ച്‌ നടന്നു നീങ്ങാന്‍ എന്തു സുഖമാണ്‌. അതെ, തനിക്ക്‌ വീട്‌ വല്ലാത്തൊരു ഒബ്സെഷന്‍തയൊണ്‌. കരകവിയുന്ന വീട്ടോര്‍മ്മകളെ മനസ്സില്‍ ഒതുക്കി നിര്‍ത്താന്‍ നന്നേ പാടുപെടണം. അല്ലെങ്കിലും വയസ്സാകുമ്പോള്‍ ഓര്‍മ്മകള്‍ പെരുവെള്ളപ്പാച്ചില്‍ പോലെ കടന്നു വരുമ്പോള്‍ എങ്ങനെ നിയന്ത്രിക്കും?
ശേഖരന്‍ മാഷിന്റെ മനസ്സു പിടഞ്ഞു. എന്തെല്ലാം ഓര്‍മ്മകളാണ്‌ മനസ്സില്‍. ശാരദ കൂടെയുള്ള കാലത്ത്‌ എന്നും സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു. പൂവിതറും പോലുള്ള അവളുടെ ചിരിയും ഒന്നിനും വേണ്ടിയല്ലാതെയുള്ള കൊഞ്ചലും ചെറിയ ചെറിയ ഉല്‍കണ്ഠകളും.... ചിലപ്പോഴെങ്കിലും മക്കളില്ലാത്തതിന്റെ ദു:ഖം തണുത്തുറഞ്ഞു വീശുന്ന ഒരു ശീതക്കാറ്റ്‌ ശരീരത്തെ കുത്തി നോവിക്കുപോലെ വന്നു പൊതിയാറുണ്ട്‌. ആ ഓര്‍മ്മകളിലേക്ക്‌ മനസ്സടരുമ്പോള്‍ അറിയാതെ നിശ്ശബ്ദനാകുന്ന തന്റെ മുഖം വായിച്ചറിഞ്ഞിട്ടെന്നപോലെ അവളുടെ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണീര്‍ തന്റെ കൈത്തണ്ടയിലേക്കടര്‍ന്നത്‌ ഇപ്പോഴെന്നതുപോലെ ശേഖരന്‍ മാഷിന്‌ ഓര്‍ക്കാം.
പക്ഷേ എപ്പോഴും തനിക്ക്‌ കൂട്ടിരിക്കാന്‍ ശാരദ നിന്നില്ലല്ലോ. കാലത്തിനപ്പുറത്തേയ്ക്ക്‌ അവള്‍ തനിയെ നടന്നു മറഞ്ഞു. ഒരു ചുമയിലായിരുന്നു തുടക്കം. മഴച്ചാറ്റല്‍ കൊണ്ടതുകൊണ്ടായിരിക്കണം എന്നാണ്‌ ആദ്യം വിചാരിച്ചത്‌. ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞപ്പോഴേയ്ക്കും സഹിക്കാനാവുന്നില്ലെന്നും പറഞ്ഞ്‌, നഗരത്തിലെ പ്രസിദ്ധനായ ഡോക്ടറെ കാണിച്ചെങ്കിലും രോഗത്തിന്റെ മൂര്‍ച്ഛയെക്കുറിച്ചായിരുന്നു നിസ്സഹായനായി ഡോക്ടര്‍ ഓര്‍മ്മിപ്പിച്ചത്‌.
"ഇനി ഒന്നും ചെയ്യാനില്ല. ഏറെ മുന്‍പാണെങ്കില്‍ ഒരു പക്ഷേ ബ്രെസ്റ്റ്‌ നീക്കം ചെയ്യാന്‍..."
ചുറ്റുപാടുകളെല്ലാം തന്നോടൊപ്പം ഒരു ചൂഴിയിലേക്കമരുന്നതു മാത്രമറിഞ്ഞു. പിന്നീട്‌ "സെഡേഷന്‌" വിധേയനായതും നിനച്ചിരിക്കാതെ ഒരു ദിവസം ശാരദ യാത്ര പിരിഞ്ഞതും... താന്‍ വലിയൊരു കാറ്റില്‍ അമ്മാനമാടപ്പെട്ട്‌, ചിതറിത്തെറിച്ച മനസ്സുമായി നില്‍ക്കു ഒരാളെപ്പോലെയായതും ഇപ്പോഴും ഒര്‍ക്കാം. എല്ലാം ചോര പൊടിയുന്ന ഓര്‍മ്മകള്‍.
പഴയ വീടാണെങ്കിലും അവിടെ തന്റെ ചെറുപ്പകാലത്തും യൗവനത്തിലും ജോലി കിട്ടുമ്പോഴുമെല്ലാം ഒട്ടേറെപ്പേര്‍ ഉണ്ടായിരുന്നു. ബഹളമയമായ അന്തരീക്ഷം. തൃക്കുറ്റ്യേരിക്കാവിലെ ഉത്സവകാലത്ത്‌ ധാരാളം ബന്ധുക്കള്‍ സ്നേഹാന്വേഷണങ്ങളോടെ വന്നെത്തുന്നത്‌. സുഹൃദ്സദസ്സിലെ സമപ്രായക്കാരുമായി ഉത്സവപ്പറമ്പിലും കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലും സഞ്ചരിക്കുത്‌... ചെറുപ്പത്തിന്റെ സ്നേഹമയമായ ഓര്‍മ്മകള്‍. പെയ്തൊഴിഞ്ഞതിനാല്‍ ഇപ്പോഴോര്‍ക്കുമ്പോള്‍ വല്ലാത്ത നീറ്റല്‍....

ശാരദ തന്നെ വിട്ടുപോയിട്ടും താനീ വീട്ടില്‍ താമസിക്കുന്നതില്‍ ചുഴിഞ്ഞു ചിന്തിച്ചാല്‍ വേറെയും കാരണങ്ങള്‍? ആണ്ടോടാണ്ട്‌ രണ്ടു കരക്കാരുടെ വകയായി അരങ്ങേറുന്ന ഉത്സവകാലത്ത്‌ ഇു‍ം ഒട്ടും വീഴ്ച വരുത്താതെ വത്തൊറുള്ള സുലോചനയും മക്കളും. ശാരദ മരിച്ചതിനുശേഷം ഒരു പക്ഷേ വീടിന്റെ അകത്തളത്തില്‍ ആള്‍പ്പെരുമാറ്റമുണ്ടാവുന്ന അപൂര്‍വ്വദിനങ്ങള്‍. അകന്ന ബന്ധമായിട്ടും താന്‍ ഒറ്റയ്ക്കുള്ള വീട്ടിലേയ്ക്ക്‌ അതിഥിയായി അവരെത്തുമ്പോള്‍ തടയാതിരുതിന്റെ കാരണമെന്തായിരിക്കാം? പരോക്ഷമായെങ്കിലും തന്റെ താല്‍പര്യം അറിഞ്ഞതു കൊണ്ടായിരിക്കുമോ ഓരോ വര്‍ഷവും സുലോചനയും മക്കളും തൃക്കുറ്റ്യേരിക്കാവില്‍ ഉല്‍സവത്തിന്‌ അതിഥികളായെത്തുത്‌?
കഴിഞ്ഞ വര്‍ഷത്തെ ഉത്സവത്തിനു വരുമ്പോള്‍ സുലോചനയുടെ രണ്ടു മക്കളും കൂടെയുണ്ടായിരുന്നു. അരുണും വിശാഖും. അച്ഛനില്ലാതെ വളര്‍ന്നതിന്റെ യാതൊരു ചെടിപ്പുമില്ലാതെ, അനുസരണയുള്ള രണ്ടാണ്‍കുട്ടികള്‍. ഒരുവന്‍ ഏഴാം ക്ലാസ്സില്‍. മറ്റവന്‍ അഞ്ചിലും. ഉത്സവം കൂടി തിരിച്ചു പോകുമ്പോള്‍ അവര്‍ക്ക്‌ എന്തെങ്കിലും വാങ്ങിച്ചുകൊടുക്കണമെന്നുള്ള ആഗ്രഹം മുന്നോട്ടു വച്ചപ്പോള്‍ സുലോചന തടഞ്ഞു.
"ഇപ്പോ അവര്‍ക്ക്‌ ഒന്നും വേണ്ട. വേണ്ടപ്പോ ചോദിക്കാം" സുലോചനയുടെ വാക്കുകളെ തന്റെ വാക്കുകള്‍ കൊണ്ട്‌ മറികടക്കാന്‍ പലപ്പോഴും താന്‍ യോഗ്യനാണോ? തന്റെ വയസ്സിന്‌ അഞ്ചു വയസ്സ്‌ ഇളപ്പമുള്ള സുലോചനയെ ചെറുപ്പം മുതലേ തൃക്കുറ്റ്യേരിക്കാവില്‍ ഉത്സവത്തിന്‌ കാണാറുണ്ടായിരുന്നു. ഒരു പക്ഷേ ഉത്സവകാലത്ത്‌ വീട്ടില്‍ ആദ്യമെത്തു കുടുംബം സുലോചനയും അവളുടെ അമ്മയുമായിരുന്നു. ഉത്സവപ്പറമ്പില്‍ ചിതറിയ കുരുത്തോലകള്‍ വാടിക്കരിഞ്ഞതിനുശേഷമേ അവര്‍ ഒലവക്കോട്ടുള്ള വീട്ടിലേയ്ക്ക്‌ മടങ്ങൂ.
വളര്‍ച്ചയുടെ പടവുകളില്‍ നമുക്ക്‌ എത്രയും അജ്ഞാതമായ എന്തെന്തുമാറ്റങ്ങളാണ്‌ ചുറ്റിനും നടക്കുക! ഒപ്പം നമുക്കും.
സുലോചനയുടെ മനസ്സിലെന്തായിരിക്കാം അന്ന്‌ തോന്നിയിട്ടുണ്ടാവുക. തനിക്ക്‌ ജോലികിട്ടിയ കാലമായിരുന്നു അത്‌. ഒരു പുരുഷനായി എന്ന തോന്നല്‍ പ്രകടമായി തലക്കുപിടിച്ച കാലം. പുറത്തും പൊതുചടങ്ങുകളിലും പോകുമ്പോള്‍ ആള്‍ക്കാര്‍ ബഹുമാനത്തോടെ "ശേഖരന്‍ മാഷെന്ന്‌ ഉരുവിടുന്നതും മാനിക്കുതും ഇന്നെന്നപോലെ ഓര്‍ക്കാം. ഗ്രാമത്തിലെ ജനങ്ങളുടെ നിഷ്കളങ്ക മനസ്സു തരുന്ന ആദരവായിരിക്കാം. പക്ഷേ യഥാര്‍ത്ഥത്തില്‍ അതിനൊക്കെ തനിക്ക്‌ അര്‍ഹതയുണ്ടോ?
ജോലി കിട്ടിക്കഴിഞ്ഞ ആദ്യത്തെ ഉത്സവകാലത്താണ്‌ അത്‌ സംഭവിച്ചത്‌? പതിവു പോലെ എല്ലാ ബന്ധുക്കളും കുറച്ചുകാലമായി വരാറില്ലെങ്കിലും ആദ്യമെത്താറുള്ള അതിഥികളായി സുലോചനയും അമ്മയും എത്തിച്ചേര്‍ന്നിരിക്കുന്നു. നിറയെ മുടിയുള്ള കൊലുന്നെനെയുള്ള പെണ്ണായിരുന്നു അന്ന്‌ സുലോചന. വളരെ നിഷ്ക്കളങ്കമായ നോട്ടം. പതിയെ നടക്കുമ്പോള്‍ പാദസരങ്ങളുടെ നേര്‍ത്ത കിലുക്കം. താന്‍ അന്ന്‌ കണ്ട പെണ്‍കുട്ടിയുടെ വളര്‍ച്ചയില്‍ കൗതുകം പൂണ്ടു നില്‍ക്കു കാലം. ചിരിക്കുമ്പോള്‍ അവളുടെ കവിളുകല്‍ ചുവക്കുന്നത്‌ യാദൃച്ഛികമായി കണ്ടതും വീണ്ടും വീണ്ടും കാണാനുള്ള കൗതുകത്തോടെ നോക്കിയപ്പോള്‍ രണ്ടുപേരുടെയും കണ്ണുകള്‍ പതറിയതും... പിന്നെ... ഉത്സവപ്പറമ്പിലേക്ക്‌ ഒന്നിച്ചുപോയതും ക്രമേണ ബന്ധങ്ങള്‍ക്ക്‌ ദാര്‍ഢ്യം വന്നതും ഒക്കെ ഇന്നലെയെന്നതുപോലെ തിരിച്ചറിയാം.
അമ്പലത്തില്‍ വടക്കേക്കരക്കാരുടെ ആഘോഷദിവസം വീട്ടില്‍ ഉറക്കിക്കിടത്തിയിരു കുഞ്ഞുങ്ങള്‍ക്ക്‌ കാവലാളായിത്തീര്‍ന്നത്‌ താനും സുലോചനയും മാത്രം. മുത്തശ്ശിയ്ക്കു അമ്പലപ്പറമ്പില്‍ കെട്ടിയാടു കഥകളിവേഷം കാണണമെ ശാഠ്യം വപ്പോള്‍ തികച്ചും യാദൃച്ഛികമായിട്ടാണ്‌ സുലോചന കുഞ്ഞുങ്ങള്‍ക്ക്‌ കൂട്ടിരിക്കാന്‍ തീരുമാനിച്ചത്‌.
ശേഖരേട്ടനോട്‌ എനിക്ക്‌ ഒരൂട്ടം പറയാനുണ്ട്‌. കുട്ടികള്‍ ഉറങ്ങിക്കഴിഞ്ഞപ്പോള്‍ സുലോചന അങ്ങനെയായിരുന്നു തുടങ്ങിയത്‌. ഹൃദയഭിത്തികളില്‍ ചെണ്ടയുടെ മുഴക്കം അത്യുച്ചത്തിലാവുതും പിന്നെ ഇരുവരെടേയും ഹൃദയങ്ങള്‍ വര്‍ത്താമാനങ്ങളിലേക്കമര്‍ന്നതും തെറ്റാണെറിഞ്ഞിട്ടും അപ്പോള്‍ തെളിഞ്ഞ വഴികളിലൂടെ ഇടറിത്തടഞ്ഞ്‌ നീങ്ങിയതും.. ചുറ്റുപാടുകളെക്കുറിച്ചോ തന്നെക്കുറിച്ചോ ഒന്നും ബോധമില്ലായിരുന്നു. മുഖത്തേക്ക്‌ ഇരച്ചുകയറിയ രക്തത്തിന്റെ താപം തല പെരുപ്പിച്ചു. അങ്ങനെയൊക്കെ സംഭവിക്കുകയായിരുന്നു.
ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കണ്ണില്‍ നനവു പടരുന്നുണ്ട്‌. ഈ വീട്‌ തനിക്ക്‌ അതിനൊക്കെയുള്ള സാക്ഷ്യമല്ലേ? താന്‍ ജീവിക്കുന്നതിന്റെ സാക്ഷ്യമായി, ഓര്‍മ്മകളും മനസ്സിനെ കെട്ടു പിണയ്ക്കു ബന്ധങ്ങളും എല്ലാം ഇവിടെയൊക്കെ സംഭവിച്ചതാണല്ലോ. ഓര്‍മ്മകളെ ആര്‍ക്കാണ്‌ കുടഞ്ഞുകളയാന്‍ കഴിയുക?
"ശേഖരേട്ടന്‍ എന്നെ സ്വീകരിക്കുമോ?" സുലോചന ഒരിക്കല്‍ ചോദിച്ചു. എല്ലാറ്റില്‍ നിന്നും ഒളിച്ചോടുകയായിരുു‍. അപ്പോഴെല്ലാം താന്‍. തെറ്റുകളുടെ ആവര്‍ത്തനങ്ങളുമായി തൃക്കുറ്റ്യേരിക്കാവിലെ ഉത്സവത്തിന്‌ കൊടിയേറുകയും കൊടിയിറങ്ങുകയും ചെയ്തു. തന്റെ സമീപനത്തിലെ കാപട്യം അന്ന്‌ വെളിപ്പെടാതിരിക്കാന്‍ താന്‍ ബോധപൂര്‍വ്വം ശ്രമിച്ചില്ലേ.
സുലോചനയ്ക്കു വരുന്ന വിവാഹാലോചനകളെക്കുറിച്ച്‌ വീട്ടില്‍, ഇടയ്ക്ക്‌ സംസാരമുണ്ടായി. അപ്പോഴേക്കും ശേഖരന്‍മാഷായി നാട്ടില്‍ വിലസുകയായിരുന്നു താന്‍. നാട്ടില്‍ എവിടെയും മീറ്റിംഗുകളില്‍ പ്രസംഗിക്കാനും അധ്യക്ഷമാവാനും ഒക്കെ...
ശേഷം രണ്ടുമൂന്ന്‌ ഉത്സവകാലത്ത്‌ സുലോചനയെ കണ്ടതേയില്ല, അവളുടെ അണ്ണനേയും. പിന്നെ ബന്ധങ്ങള്‍ക്ക്‌ അയവുവരികയും എപ്പോഴെങ്കിലുമെത്തുന്ന കത്തോ ഫോണോ ആയി ബന്ധം ചുരുങ്ങി.
"സുലുവിന്റെ അമ്മ മരിച്ചു" ഒരിക്കല്‍ വീട്ടിലെ സംസാരത്തില്‍ നിന്നും അങ്ങനെയൊരു വാര്‍ത്ത കേട്ടു.
"അച്ചന്‍ പോയിട്ടുണ്ട്‌. ശേഖരാ നിനക്ക്‌ അത്രടം വരെ ഒന്നു പോവാര്‍ന്നില്ലേ?"- ഇളയമ്മായി അങ്ങനെ പറഞ്ഞപ്പോഴും വളരെ താല്‍പര്യമൊന്നും കാണിച്ചില്ല. അക്കാലത്ത്‌ ചെയ്ത അനേകം തെറ്റുകളില്‍ ഒന്നുകൂടി. അഹങ്കാരമായിരുന്നോ തനിക്ക്‌, അതോ....? എങ്കിലും ബന്ധങ്ങളുടെ നേര്‍ത്ത്‌ കണ്ണികള്‍ അറ്റുപോവുന്നത്‌ നോവോടെ മനസ്സിലാക്കാറുണ്ട്‌.
സുലോചനയുടെ കല്ല്യാണം കഴിഞ്ഞതും പ്രസവിച്ചതും താന്‍ ശാരദയെ കല്യാണം കഴിച്ചതും ഒക്കെ കാലത്തിന്റെ ഓരോ സന്ധിയില്‍ സംഭവിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തനിക്ക്‌ ഒരു കുഞ്ഞിനെത്തരാന്‍ ശാരദയ്ക്ക്‌ കഴിഞ്ഞില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സുലോചന ഒര്‍മ്മകളുടെ ഓരങ്ങളില്‍ വിഷാദഭരിതമായ ഒരു രാഗം പോലെ വന്നു നില്‍ക്കും. "എന്നെ കാണുതേ ഇഷ്ടമല്ലെന്നു തോന്നുന്നു" പഴയകാലത്ത്‌ സുലോചന വീട്ടില്‍ വന്നു പിരിയുമ്പോള്‍ പറഞ്ഞതങ്ങനെയായിരുന്നു. താന്‍ അന്ന്‌ ഒരു ഭീരുവിനെപ്പോലെ ഒന്നും മിണ്ടിയില്ല. അല്ലെങ്കിലും അതിനു മറുപടി പറയാനുള്ള എന്തര്‍ഹതയാണ്‌ തനിക്കുള്ളത്‌?
ശാരദ മരിച്ചപ്പോള്‍, സുലോചന ഏറെ കാലത്തിനുശേഷം ആദ്യമായി വീട്ടില്‍ വന്നു. അവളുടെ ഭര്‍ത്താവ്‌ അവളെ ഉപേക്ഷിച്ചു പോയത്‌ അറിയുന്നത്‌ അപ്പോഴാണ്‌. ബന്ധങ്ങളുടെ കണ്ണികള്‍ എത്ര ശിഥിലമായാണ്‌ വിളക്കിച്ചേര്‍ത്തിരിക്കുന്നത്‌ എന്ന്‌ ചിന്തിച്ചത്‌ അപ്പോള്‍ മാത്രമാണ്‌.
കാലത്തിന്‌ എല്ലാ നോവുകളെയും മായ്ക്കാമല്ലോ! യുവാവായ താന്‍ വൃദ്ധനായപ്പോഴേയ്ക്കും ഏറെ പാകത വന്നിരിക്കണം. എങ്കിലും നഷ്ടപ്പെട്ട പലതിനെക്കുറിച്ചും വ്യഥയോടെ ഓര്‍ക്കുക മാത്രമായി ഇപ്പോള്‍. കാവിലെ ഉത്സവത്തിന്‌ താന്‍ ഒറ്റയ്ക്കായിട്ടും ഇന്നും സുലോചന മക്കളെക്കൂട്ടി വരുതും രണ്ടോ മൂന്നോ ദിവസം വീട്ടില്‍ തങ്ങുതും എല്ലാം മുജ്ജന്മബന്ധത്തിന്റെ സുകൃതത്താലായിരിക്കണം. ജീവിതത്തിന്റെ തെളിമയുറ്റ ചിത്രങ്ങള്‍
"മാഷേ.. വെള്ളം ചൂടാക്കി വച്ചിട്ടുണ്ട്‌, വന്ന്‌ കുളിക്ക്‌..."
"ഇതാ ചായ..."
"ഞങ്ങള്‌ പോവ്വാ മാഷേ, ഇനി അടുത്ത വര്‍ഷം കണ്ടാല്‍ കണ്ടൂന്നായി..." ദീര്‍ഘനിശ്വാസം പൊതിഞ്ഞ സ്നേഹത്തിന്റെ വാക്കുകള്‍. അക്ഷരങ്ങള്‍ക്കെല്ലാം മൂര്‍ച്ചയേറിയ കൊളുത്തുകളുണ്ടെന്ന്‌ കുട്ടികളെ അക്ഷരം പഠിപ്പിച്ച മാഷായിട്ടും തനിക്ക്‌ ഇപ്പോള്‍ മാത്രമാണ്‌ മനസ്സിലാവുത്‌. ശേഖരന്‍ മാഷ്‌ ഓര്‍ത്തു.
കുട്ടികള്‍ പടികളിറങ്ങിപ്പോകവെ, സുലോചന പതിയെ തിരിച്ചു വന്ന്‌, "മാഷേ അടുത്ത ഉത്സവത്തിനും പ്രതീക്ഷിയ്ക്കാം..ഞാന്‍ വരും തീര്‍ച്ച" സുലോചനയുടെ കണ്ണില്‍ നീര്‍പൊടിയുന്നത്‌ തനിക്ക്‌ കാണാം. വിഷാദത്തേങ്ങലില്‍ അമര്‍ത്തിവെച്ച ഒരു ചെറുചിരിയോടെ... തന്റെ ജീവിതത്തിലേക്കെത്രയും പാളിവീഴു നോട്ടവുമായി സുലോചന പടിയിറങ്ങി. കുട്ടികളോടൊപ്പം നടന്നു മറഞ്ഞു. അതെ, അടിയോടി മാഷ്‌ പറഞ്ഞത്‌ എത്രയും ശരിയാണ്‌. "തനിക്ക്‌ വീട്‌ ഒരു ഒബ്സെഷനാണ്‌" വയസ്സേറെയായെങ്കിലും വരുമെന്ന്‌ പറഞ്ഞ്‌ പടിയിറങ്ങുന്ന പ്രിയപ്പെട്ടവരെയും പ്രതീക്ഷിച്ച്‌ കാത്തിരിക്കാനുള്ള ഒരിടത്താവളമായി വീട്‌ !

                                                                                           (സുരേശന്‍ കാനം.)

No comments:

Post a Comment